ന്യൂഡെൽഹി: ഒരു ഇടവേളക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക സമര പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി കർഷകർ. ഡെൽഹി അതിർത്തികളിലെ കർഷകസമരം 6 മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്‌ത കിസാൻ മോർച്ച തീരുമാനിച്ചു.
കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ മോദി സർക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ തുടർ സമരപരിപാടികൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കരിദിനമായി ആചരിക്കാൻ കർഷകർ തീരുമാനിച്ചിരിക്കുന്ന മെയ് 26ന് തന്നെയാണ് മോദി സർക്കാരിന്റെ 7ആം വാർഷികവും. ഈ സാഹചര്യത്തിലാണ് അന്നേദിവസം കരിദിനമായി ആചരിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
അതേസമയം, കർഷക സമരത്തിന് പിന്തുണ നൽകുന്ന എല്ലാവരും പ്രതിഷേധ ദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്‌ത കിസാൻ മോർച്ച അഭ്യർഥിച്ചു. വിവാദ നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും കർഷകർ തീരുമാനിച്ചു. ഇതിന്റെ തീയതി ഉടൻ പ്രഖ്യാപിക്കും.
Read also: സ്‌റ്റാൻ സ്വാമിയെ മോചിപ്പിക്കണം, അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്; ശശി തരൂർ






































