ന്യൂഡെൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ്ടുണ്ടായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട് പുറത്ത്. ടേക്ക് ഓഫ് ചെയ്‌ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായത്. ഇതിന് ഇടയാക്കിയത് എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയിരുന്നതിനാലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതിനാൽ വിമാനത്തിന് പറന്നുയരാൻ ശക്‌തി ലഭിച്ചില്ല. കൊക്‌പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നു. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന് അയാൾ മറുപടിയും പറയുന്നു. ഏത് പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്ന് വ്യക്‌തമല്ല.
വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ചുകൾ ഒരു സെക്കൻഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്‌തി നഷ്‌ടപ്പെട്ടു. സ്വിച്ച് ഉടൻതന്നെ പൂർവസ്‌ഥിതിയിലേക്ക് മാറി. ഒരു എൻജിൻ പ്രവർത്തനം ആരംഭിച്ചു.
നാല് സെക്കൻഡുകൾക്ക് ശേഷം രണ്ടാമത്തെ സ്വിച്ച് ഓണായി. എന്നാൽ, രണ്ടാമത്തെ എൻജിന് പറന്നുയരാനുള്ള ശക്‌തി ലഭിച്ചില്ല. വിമാനത്തിൽ പക്ഷി ലഭിച്ചില്ല, മറ്റ് തകരാറുകളില്ല. കാലാവസ്‌ഥ അനുകൂലമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. വിമാനത്തിന്റെ ചിറകുകളിലെ ഫ്‌ളാപ്പുകൾ ക്രമീകരിച്ചിരുന്നത് സാധാരണ നിലയിലായിരുന്നു.
വിമാനം 32 സെക്കൻഡ് മാത്രമാണ് പറന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ കെട്ടിടം തകർന്നുവീഴും മുൻപ് 0.9 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണ് വിമാനം സഞ്ചരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്ന ത്രസ്‌റ്റ് ലിവറുകൾ സാധാരണ നിലയിലായിരുന്നു.
ബ്ളാക്ക് ബോക്‌സിലെ വിവരങ്ങൾ അനുസരിച്ച് അപകടം ഉണ്ടാകുന്നതുവരെ അവ ഫോർവേഡഡ് പൊസിഷനിലായിരുന്നു. രണ്ട് ഫ്യൂവൽ കൺട്രോൾ സ്വിച്ചുകളും ‘റൺ’ പൊസിഷനിലായിരുന്നു. അട്ടിമറിയുടെ തെളിവുകൾ ഒന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് പ്രാഥമിക റിപ്പോർട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചത്.
ജൂൺ 12നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്‌ക്ക് 1.39നായിരുന്നു സംഭവം. അപകടത്തിൽ 260 പേരാണ് മരിച്ചത്.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!