അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്‌ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിന്റെ കണ്ടെത്തൽ.
വിമാനത്തിന്റെ സാങ്കേതിക വിവരങ്ങൾ എഫ്‌ഡിആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. അതിനാൽ എഫ്‌ഡിആർ പരിശോധിക്കുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതൽ വ്യക്‌തത വന്നേക്കും. മാത്രമല്ല, വിമാനത്തിലെ സുപ്രധാന വിവരങ്ങൾ എഫ്‌ഡിആറിൽ ഉണ്ടാകുമെന്നതിനാൽ ടേക്ക് ഓഫിന് ശേഷം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങൾ മനസിലാക്കാനാകും.
അതിനിടെ, വിമാനാപകടം നടന്ന ബിജെ മെഡിക്കൽ കോളേജ് വളപ്പിലും അപകടത്തിൽ പരിക്കേറ്റവർ ചികിൽസ തേടിയിറക്കുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്‌തിയായ വിശ്വാസ് കുമാറിനെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്‌ഥരുമായി പ്രധാനമന്ത്രി സ്‌ഥിതിഗതികൾ വിലയിരുത്തി. ടാറ്റ ഗ്രൂപ്പ് ചെയർമാൻ, സിഇഒ എന്നിവരുമായും വിമാനത്താവളത്തിൽ വെച്ച് ചർച്ച നടത്തി.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 1.40നായിരുന്നു അപകടം നടന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ജനവാസ മേഖലയിൽ തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്‌റ്റൽ കെട്ടിടം പൂർണമായി കത്തി നശിച്ചു.
അപകടത്തിൽ 294 പേർ മരിച്ചതായാണ് ഏറ്റവും ഒടുവിലായി സ്‌ഥിരീകരിക്കുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. വിമാനം തകർന്നുവീണ സ്‌ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്. ഇതിൽ ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന പത്ത് മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!