അഹമ്മദാബാദ്: സംഘടനയെ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്ന് തുടക്കം. പട്‌നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്.
കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളിലെ സംഘവും ഗുജറാത്തിലെത്തി. അർബുദ രോഗം ബാധിച്ച സുഹൃത്തിനെ കാണാൻ വിദേശത്തേക്ക് പോയ പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ എത്തിയേക്കില്ലെന്നാണ് വിവരം. 64 വർഷത്തിന് ശേഷം ഗുജറാത്തിൽ നടക്കുന്ന എഐസിസി സമ്മേളനത്തെ വരവേൽക്കാൻ നഗരമെങ്ങും ആവേശത്തിമർപ്പിലാണ്.
അഹമ്മദാബാദ് നഗരവും സമ്മേളന നഗരിക്ക് സമീപവും മുഴുവൻ രാഹുൽ ഗാന്ധിയുടെ ഫ്‌ളക്‌സ് ബോർഡുകളാണ്. ഇന്ന് രാവിലെ ചേരുന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ 169 പേർ പങ്കെടുക്കും. വൈകീട്ട് നേതാക്കൾ ഒന്നടങ്കം സബർമതി ആശ്രമത്തിലെ പ്രാർഥന സംഗമത്തിൽ പങ്കെടുക്കും. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദീ തീരത്താണ് എഐസിസി സമ്മേളനം ചേരുന്നത് എന്നതാണ് പ്രത്യേകത.
പാർട്ടിയുടെ അടിമുടി മാറ്റവും അടിത്തറ ശക്‌തിപ്പെടുത്തലും ലക്ഷ്യമിട്ട് ഡിസിസികളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടങ്ങിയ പ്രമേയം പാസാക്കും. ഡിസിസികളുടെ അധികാരം വർധിപ്പിക്കുന്നതാണ് പ്രമേയത്തിലെ നിർദ്ദേശങ്ങൾ. ആവശ്യമെങ്കിൽ ഇതിനുവേണ്ട ഭരണഘടനാ ഭേദഗതിക്കും പ്രവർത്തക സമിതി അനുമതി നൽകിയേക്കും. സാമ്പത്തികം, സാമൂഹിക, വിദേശകാര്യം എന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചു ഒറ്റ പ്രമേയമാണ് അവതരിപ്പിക്കുക.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ