ന്യൂഡെല്‍ഹി: കാര്‍ഷിക നിയമം തിരികെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമമെങ്കിൽ കര്‍ഷക സമരം ശക്‌തമാക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. സമരം അവസാനിപ്പിച്ചതായി തങ്ങളോ കര്‍ഷകരോ എവിടെയും പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എഐകെഎസ് നേതാവ് പി കൃഷ്‌ണപ്രസാദ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ലെന്നും ഒരടി പിറകോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഒരടി പുറകോട്ട് വെച്ച് രണ്ടടി മുന്നോട്ട് വെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കും”- കൃഷ്‌ണപ്രസാദ് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത വ്യക്‌തമാക്കുന്നതാണ് കൃഷി മന്ത്രിയുടെ പ്രസ്‌താവന എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. കാര്‍ഷിക നിയമങ്ങള്‍ നല്ലതെങ്കില്‍ മാപ്പ് പറഞ്ഞ് പിന്‍വലിച്ചത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലുള്ള അതൃപ്‌തി പ്രകടിപ്പിക്കവേ നിയമം വീണ്ടും നടപ്പാക്കുമെന്ന സൂചന നൽകികൊണ്ടായിരുന്നു കേന്ദ്ര കൃഷി മന്ത്രി ഇന്ന് രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്‌ടമായില്ലെന്നും തോമര്‍ പറഞ്ഞു. അതേസമയം നിയമം പിന്‍വലിക്കേണ്ടി വന്നതിൽ നിരാശയില്ലെന്നും ഒരടി പിന്നോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്നും തോമര്‍ പറഞ്ഞിരുന്നു.
Read also: സ്വാതന്ത്ര്യത്തിന് പുനർനിർവചനം നൽകി; മോദിയെ പുകഴ്‌ത്തി അമിത് ഷാ







































