ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് ഡെൽഹി നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട് പ്രകാരം വായുനിലവാര സൂചിക (എക്യുഐ) 409ൽ എത്തി. ഡെൽഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എക്യുഐ രേഖപ്പെടുത്തി.
നാലെണ്ണം സിവിയർ പ്ളസ് ആയും തിരിച്ചിട്ടുണ്ട്. ജഹാംഗീർപുരി, ബവാന, വാസിർപൂർ, രോഹിണി എന്നിവിടങ്ങളിൽ യഥാക്രമം 458, 455, 452 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. മലിനീകരണം രൂക്ഷമായതിനാൽ അഞ്ചാം ക്ളാസുവരെയുള്ള വിദ്യാർഥികൾക്കുള്ള ക്ളാസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈനാക്കാൻ ഡെൽഹി സർക്കാർ തീരുമാനിച്ചു.
വായുമലിനീകരണത്തെ നേരിടാൻ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങളും നിലവിൽ വന്നു.
എല്ലാ അന്തർ സംസ്‌ഥാന ബസുകളും ഡെൽഹിയിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കെട്ടിട നിർമാണം-പൊളിക്കൽ പ്രവർത്തനങ്ങളും നിരോധിച്ചു. ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രധാന റോഡുകളിൽ ദിവസേന വെള്ളം തളിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള പുക, ഫാം ഫയർ, കാറ്റിന്റെ വേഗത കുറഞ്ഞതുൾപ്പടെയുള്ള പ്രതിക്കൂല കാലാവസ്‌ഥയാണ് ഡെൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും മലിനീകരണ തോത് വർധിപ്പിച്ചത്. വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും വീടുകൾക്ക് ഉള്ളിൽ കഴിയാനാണ് ഡോക്‌ടർമാർ നിർദ്ദേശിക്കുന്നത്. രാവിലെയും വൈകിട്ടും പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങൾ കുറയ്‌ക്കാനാണ് ഡോക്‌ടർമാർ നൽകുന്ന നിർദ്ദേശം.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’