ദുബായ്: കേരളത്തിലേക്കും മറ്റും ദുബായിയില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാന സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചതായി വിമാന കമ്പനികള്‍. ദുബായ് വിമാനത്താവളത്തില്‍ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികള്‍ വ്യക്‌തമാക്കി. മാറ്റങ്ങള്‍ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികള്‍ അറിയിച്ചു.
റാസല്‍ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാന സര്‍വീസുകളില്‍ ചിലതാണ് പുറപ്പെട്ടത്. കൊച്ചി, കോഴിക്കോട്, മംഗലാപുരം ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളിലേക്ക് ദുബായിയില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് റാസല്‍ഖൈമയില്‍ നിന്ന് തിരിച്ചത്.
മാത്രവുമല്ല ഡെല്‍ഹി, ജയ്‌പൂര്‍, മധുര വിമാന സര്‍വീസുകളും ഇന്ന് റാസല്‍ഖൈമയില്‍ നിന്നാണ് പുറപ്പെട്ടത്. ഇന്നലെയും ഇന്നുമായി ഷാര്‍ജ- കൊച്ചി, ഷാര്‍ജ- കണ്ണൂര്‍, ഷാര്‍ജ- വിജയവാഡ സര്‍വീസുകളും റാസല്‍ഖൈമയില്‍ നിന്നാണ് പുറപ്പെട്ടത്.
അതേസമയം സ്‌പൈസ് ജെറ്റിന്റെ ചില സര്‍വീസുകള്‍ വെള്ളിയാഴ്‌ചയും റാസല്‍ഖൈമയില്‍ നിന്നായിരിക്കും പുറപ്പെടുകയെന്ന് വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്കുവേണ്ടി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായും സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
Read Also: 6 ലക്ഷത്തില്‍ അധികം യുകെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട്


































