തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോർട്. പ്രത്യേക വിമാനത്തിൽ എത്തിയ ഡോവൽ രണ്ടുദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
പിഎസ്എൽവിയുടെ തുടർ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അജിത് ഡോവൽ എത്തിയതെന്നാണ് സൂചന. തുമ്പയിലെ പിഎസ്എസിയിൽ ശാസ്‌ത്രജ്‌ഞരടക്കം കണ്ട് വിവരശേഖരണം നടത്തി. തുടർന്ന് ഡോവൽ അന്വേഷണ റിപ്പോർട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
ഐഎസ്‌ആർഒയുടെ വിശ്വസ്‌ത വിക്ഷേപണ വാഹനം പിഎസ്എൽവി തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്ത് നിന്നുള്ളവ ഉൾപ്പടെ 16 ഉപഗ്രഹങ്ങൾ വഹിച്ച പിഎസ്എൽവി-സി 62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷവും റോക്കറ്റിലുണ്ടായിരുന്നു. കഴിഞ്ഞവർഷം മേയിലെ പിഎസ്എൽവി-61 വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ


































