ന്യൂഡെൽഹി: റഷ്യ- യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ അടുത്തയാഴ്‌ച മോസ്‌കോ സന്ദർശിക്കുമെന്ന് റിപ്പോർട്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ടുമാരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.
യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയെ കണ്ട ശേഷം നരേന്ദ്രമോദി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്‌ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ യുക്രൈൻ- റഷ്യ പ്രശ്‌ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി റഷ്യൻ പ്രസിഡണ്ടിനെ അറിയിച്ചിരുന്നു. ഈ ഫോൺ ചർച്ചയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയക്കാൻ തീരുമാനമായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
അതേസമയം, സന്ദർശന തീയതി സംബന്ധിച്ച് വ്യക്‌തതയില്ല. സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രൈൻ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി സെലൻസ്‌കിയുമായി സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് അന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കിയിരുന്നു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്