മോസ്കോ: യുക്രൈൻ തലസ്ഥാനമായ കീവിലുള്ള വിദേശ പൗരൻമാർക്ക് കർശന നിർദ്ദേശവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. വിദേശ പൗരൻമാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം കീവ് വിട്ടുപോകാനാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.
കീവിൽ വരും ദിവസങ്ങളിൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ റഷ്യ നൽകുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രൈനിലെ ലുഹാൻസ്ക് മേഖലയിലെ ഒരു വിദ്യാർഥി ഹോസ്റ്റലിന് നേരെ യുക്രൈൻ ബോധപൂർവം ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിക്കുന്നു. ഇതിൽ 21 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ഈ ആക്രമണത്തിന് പകരമായാണ് കീവിന് നേരെ ശക്തമായ തിരിച്ചടിക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടത്. അതേസമയം, തങ്ങൾ തകർത്തത് റഷ്യയുടെ ഒരു പ്രമുഖ ഡ്രോൺ കമാൻഡ് യൂണിറ്റിനെ മാത്രമാണെന്ന് യുക്രൈൻ സൈന്യം വ്യക്തമാക്കി.
കീവിലെ യുക്രൈൻ സൈനിക-വ്യവസായ സമുച്ചയങ്ങൾ, ഡ്രോൺ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്ന കേന്ദ്രങ്ങൾ, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണമെന്നാണ് യുക്രൈൻ പ്രതീക്ഷിക്കുന്നത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































