മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രൈന്റെ ശക്തമായ ഡ്രോണാക്രമണം. മോസ്കോയിലെ പ്രധാന ഓയിൽ റിഫൈനറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. റിഫൈനറിയിൽ വൻ തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ഈ ആഴ്ചയിൽ രണ്ടാം തവണയാണ് റഷ്യയിലെ എണ്ണശുദ്ധീകരണ ശാലക്ക് നേരെ യുക്രൈൻ ഡ്രോണാക്രമണം നടത്തുന്നത്. യുക്രൈന് നേരെ റഷ്യ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള അർഹമായ മറുപടിയാണിതെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.
വിവിധ മേഖലകളിലായി യുക്രൈൻ ഡ്രോണുകൾ വെടിവച്ചിട്ടുണ്ടെന്നും 200ഓളം ഡ്രോണുകൾ മോസ്കോ ലക്ഷ്യമിട്ടാണ് എത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായ ഈ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ ഷെറെമെറ്റീവോ, ദൊമോദെദൊവോ, വ്നുകോവോ, ഷുകൊവ്സ്കി എന്നീ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ സർവീസുകളും റഷ്യ താൽക്കാലികമായി നിർത്തിവെച്ചു.
കഴിഞ്ഞ ദിവസം യുനെസ്കോ പൈതൃക പട്ടികയിലുള്ള കിയവ്- പെചെർസ്ക് ലാവ്റ മോണാസ്ട്രി സമുച്ചയത്തിലെ ഡോർമിഷൻ കത്തീഡ്രലിൽ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. യുക്രൈന്റെ സാംസ്കാരിക- സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സമീപ മാസങ്ങളിൽ റഷ്യ നടത്തിയ ഏറ്റവും വിനാശകരമായ വ്യോമാക്രമണമായിരുന്നു ഇത്.
Most Read| പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും; തമിഴ്നാട്


































