പാരിസ്: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച.
പശ്‌ചിമേഷ്യൻ സമാധാനം ഉറപ്പാക്കുന്നതിനായി പ്രസിഡണ്ട് ട്രംപ് നടത്തുന്ന ശ്രമങ്ങളെ നരേന്ദ്രമോദി യോഗത്തിൽ പ്രകീർത്തിച്ചു. ഇതോടൊപ്പം, രാജ്യാന്തര കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം പ്രധാനമന്ത്രി പ്രത്യേകം ഉന്നയിക്കുകയും, ഇതിന്റെ പ്രാധാന്യം യുഎസ് പ്രസിഡണ്ടിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തു.
ഇന്ത്യക്ക് അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. താൻ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്ന് വ്യക്‌തമാക്കിയ ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രിക്ക് വാഷിങ്‌ടണിൽ വലിയ ആദരവാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു.
”ഇരുരാജ്യങ്ങളും തമ്മിൽ മികച്ചൊരു ബന്ധമാണുള്ളത്. ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു കരാറില്ല. പക്ഷേ, ഇന്ത്യ ആക്രമിക്കപ്പെടുകയും മോദി നേതാവായി തുടരുകയും ചെയ്‌താൽ യുഎസ് സഹായത്തിനെത്തും. തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകും. ആ മനുഷ്യനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ കൂടെയുണ്ടാകും. മറ്റൊരു നേതാവാണ് ഭരിക്കുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല. എന്നാൽ മോദിയാണ് ഭരണത്തില്ലെങ്കിൽ ഞങ്ങൾ തീർച്ചയായും സഹായിക്കും”- ട്രംപ് പറഞ്ഞു.
വ്യാപാര- ഭൗമരാഷ്‌ട്രീയ തർക്കങ്ങൾ നിലനിൽക്കെ 16 മാസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. നേരത്തെ, വ്യാപാര നികുതി തർക്കങ്ങളാൽ ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണവും ബന്ധത്തെ ബാധിച്ചു. ഈ പശ്‌ചാത്തലത്തിൽ സുപ്രധാന ചുവടുവയ്‌പ്പാണ് പുതിയ കൂടിക്കാഴ്‌ച.
Most Read| സംസ്‌ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത


































