തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട് റവന്യൂ മന്ത്രി കെ രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. ഒക്‌ടോബർ 24നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത അന്വേഷണ റിപ്പോർട് റവന്യൂ മന്ത്രിക്ക് കൈമാറിയത്.
പിപി ദിവ്യയെ കൂടുതൽ കുരുക്കിലാക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ എഡിഎം നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
ഫയലുകൾ വെച്ചുതാമസിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും തള്ളിക്കളയുന്നതാണ് റിപ്പോർട്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, നവീൻ ബാബുവിനെ യാത്രയയപ്പ് ചടങ്ങിൽ അധിക്ഷേപിക്കുന്ന വീഡിയോ പല മാദ്ധ്യമങ്ങൾക്ക് കൈമാറിയതും പ്രചരിപ്പിച്ചതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ദിവ്യയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വീഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽ നിന്ന് കമ്മീഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ റിപ്പോർട്ടിൽ അവരുടെ മൊഴി രേഖപ്പെടുത്തിയില്ല.
അതേസമയം, തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. എന്നാൽ, അതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും റിപ്പോർട്ടിൽ ഇല്ല. എന്താണ് പറ്റിയ തെറ്റെന്ന് കളക്‌ടർ നവീൻ ബാബുവിനോട് ചോദിക്കുകയോ അതിന് അദ്ദേഹം എന്തെങ്കിലും വിശദീകരണം നൽകുകയോ ചെയ്‌തിട്ടില്ല.
കളക്‌ടർ എഴുതി തയ്യാറാക്കിയ മൊഴിയാണ് കമ്മീഷണർക്ക് നൽകിയത്. പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്‌ടറുടെ മൊഴിയിൽ അവർത്തിക്കുന്നുണ്ട്. യാത്രയയപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ നിഷേധിച്ചു. 14ന് രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഉൽഘാടക ദിവ്യയും അധ്യക്ഷൻ കളക്‌ടറുമായിരുന്നു.
അവിടെവെച്ചു യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നു. നവീൻ ബാബുവിനെ വിടുതൽ ചെയ്യാൻ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്‌ഥർ ഇല്ലാത്തതിനാലാണ് എന്നീ വിവരങ്ങളാണ് കളക്‌ടറുടെ വിശദീകരണത്തിൽ ഉള്ളതായി അറിയുന്നത്. അപേക്ഷകനായ ടിവി പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്‌ഥിരീകരിച്ചതെന്ന് ഫയൽ പരിശോധനയിലും ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നുമാണ് വ്യക്‌തമായത്.
മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് പറയുന്ന പ്രശാന്തിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പോലീസ്, പൊതുമരാമത്ത്, അഗ്‌നിരക്ഷാസേന, ടൗൺ പ്ളാനിങ് തുടങ്ങിയവയിൽ നിന്നുള്ള എൻഒസി ലഭിച്ചാൽ മാത്രമേ അന്തിമ എൻഒസി നൽകാനാവൂ എന്നതിനാൽ ഫയൽ പിടിച്ചുവെച്ചുവെന്ന ആരോപണങ്ങൾ തെളിയിക്കാനായിട്ടില്ലെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും