തിരുവനന്തപുരം: ഫുട്‍ബോൾ മൽസരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ അലൻ എന്ന 18 വയസുകാരൻ കുത്തേറ്റ് മരിച്ച കേസിലെ മുഖ്യപ്രതി ജഗതി സ്വദേശി അജിൻ (ബോബി) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
വധശ്രമം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയും മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിലുള്ള ആളുമായ അജിനും ജഗതി സ്വദേശികളുടെ നന്ദു, അഭിജിത്ത് എന്നിവരുമടക്കം നാല് പേരാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. അറസ്‌റ്റിലായ സന്ദീപ്, അഖിലേഷ് എന്നിവർ റിമാൻഡിലാണ്. സന്ദീപ് കാപ്പ കേസ് പ്രതിയാണ്.
കുത്തിയത് കത്തി കൊണ്ടുതന്നെയെന്ന് അലന്റെ സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. കമ്പി കൊണ്ടുള്ള ആയുധം എന്നാണ് മുൻപ് കരുതിയിരുന്നത്. സംഘർഷത്തിൽ ഇടപെടാൻ ക്രിമിനൽ സംഘത്തെ കൊണ്ടുവന്നത് 16 വയസുകാരനായ വിദ്യാർഥിയാണ്. വീടിന് സമീപം താമസിക്കുന്ന സംഘത്തെ പരിചയം ഉണ്ടായിരുന്നതിനാൽ ഒപ്പം കൂട്ടുകയായിരുന്നെന്നും വിദ്യാർഥി ക്വട്ടേഷൻ നൽകിയതല്ലെന്നും പോലീസ് വ്യക്‌തമാക്കി.
തമ്പാനൂർ അരിസ്‌റ്റോ തോപ്പിൽ ഡി 47ൽ താമസിക്കുന്ന നെട്ടയം സ്വദേശി അലൻ (18) തിങ്കളാഴ്‌ചയാണ് മരിച്ചത്. ഫുട്‌ബോൾ മൽസരത്തിലെ കളിക്കാർ തമ്മിലുള്ള തർക്കത്തിനും തുടർന്നുണ്ടായ സംഘർഷത്തിനുമിടെ അതിന്റെ ഭാഗമല്ലായിരുന്ന വിദ്യാർഥി പട്ടാപ്പകൽ നടുറോഡിൽ കുത്തേറ്റ് മരിച്ചത് നഗരത്തെ ഞെട്ടിച്ചിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. തൈക്കാട് എംജി രാധാകൃഷ്‌ണൻ റോഡിലായിരുന്നു സംഭവം.
ഒരുമാസം മുൻപ് രണ്ട് പ്രാദേശിക ക്ളബുകളുടെ ഫുട്‍ബോൾ മൽസരത്തിൽ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തൈക്കാട് മോഡൽ സ്‌കൂൾ ഗ്രൗണ്ടിലായിരുന്നു രാജാജി നഗർ, ജഗതി ക്ളബുകൾ തമ്മിലുള്ള മൽസരം. തർക്കത്തെ തുടർന്ന് പല ദിവസങ്ങളിലും സംഘർഷമുണ്ടായിരുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!






































