ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് പോലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വെച്ചാണെന്നോ ഉറപ്പിച്ച് പറയാനാവില്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ ജോൺ അറിയിച്ചു. കലയെ കാണാതായതായി കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും വ്യക്‌തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എസ്‌പി പറഞ്ഞു.
കേസിലെ മുഖ്യപ്രതിയും കലയുടെ ഭർത്താവുമായ അനിൽ കുമാർ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടൻ തന്നെ നാട്ടിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തുമെന്നും എസ്‌പി മാദ്ധ്യമങ്ങളോട് പറഞ്ഞു. അമ്പലപ്പുഴയിലാണ് ആദ്യം വിവരം ലഭിക്കുന്നത്. വിശ്വസനീയമായ കത്തായത് കൊണ്ടാണ് അന്വേഷണം നടത്തിയത്. വിവരം തന്നയാളുടെ പേര് വെളിപ്പെടുത്താനാവില്ല. 15 വർഷത്തെ കാലപ്പഴക്കം ഉള്ളതിനാൽ ഫോറൻസിക് പരിശോധനയും സാക്ഷിമൊഴികളും എടുക്കുന്നത് എളുപ്പമല്ലെന്നും എസ്‌പി അറിയിച്ചു.
മൂന്നുമാസം മുൻപ് കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അന്വേഷണം. അമ്പലപ്പുഴയ്‌ക്കടുത്ത് കാക്കാലം എന്ന സ്‌ഥലത്ത് മൂന്നുമാസം മുമ്പുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അമ്പലപ്പുഴ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതിന് മുന്നോടിയായാണ് പോലീസിന് ഊമക്കത്ത് ലഭിക്കുന്നത്.
ഈ കേസിലെ പ്രതികൾക്ക് മാന്നാനത്ത് 15 വർഷം മുൻപ് കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണം എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതേ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിലെ സെപ്‌റ്റിക് ടാങ്കിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നു. സ്ളാബിനുള്ളിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. അനിൽ കുമാറാണ് കേസിലെ പ്രധാന പ്രതി. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്‌റ്റിലായവർ മൊഴി നൽകിയത്.
ഇതിൽ ജിനു രാജിനെ സ്‌ഥലത്ത് എത്തിച്ചാണ് പോലീസ് മൃതദേഹം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. കലയെ കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു സമുദായത്തിൽപ്പെട്ട കലയും അനിലും പ്രണയിച്ച് വിവാഹിതരായവരാണ്. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താൽപര്യം ഇല്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണ് കലയെ വിവാഹശേഷം താമസിപ്പിച്ചിരുന്നത്. അനിൽ പിന്നീട് വിദേശത്തേക്ക് പോയി.
എന്നാൽ, കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ചിലർ വിളിച്ച് പറഞ്ഞതിന്റെ അടിസ്‌ഥാനത്തിൽ ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. നാട്ടിലെത്തിയ അനിൽ കലയുമായി സംസാരിക്കുകയും കാർ വാടകയ്‌ക്ക് എടുത്ത് കുട്ടനാട് ഭാഗങ്ങളിലേക്ക് യാത്ര പോവുകയും ചെയ്‌തിരുന്നു. ഇതിനിടെ, സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവെച്ച് കലയെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് വിവരം.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!







































