വയനാട്: കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭൂരേഖാ തഹസിൽദാർ എംജെ അഗസ്റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എസ്റ്റേറ്റിൽ കണക്കെടുപ്പ് ആരംഭിച്ചു. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് എസ്റ്റേറ്റിലെ കാപ്പി വിളവെടുപ്പ് അടക്കമുള്ള കാർഷിക വൃത്തികൾ പുനരാരംഭിക്കുകയും ചെയ്തു.
കളക്ടർ എം ഗീതയുടെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റിൽ സന്ദർശനം നടത്തി. എഡിഎം എൻഐ ഷാജു, ഡെപ്യൂട്ടി കളക്ടർ എ അജീഷ്, സബ് കളക്ടർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അനന്തരാവകാശികൾ ഇല്ലാതെ അന്തരിച്ച ബ്രിട്ടീഷ് പൗരൻ എഡ്വിൻ ജൂബർട്ട് വാൻ ഇംഗന്റെ ഉടമസ്ഥതയിൽ ആയിരുന്ന എസ്റ്റേറ്റ് നീണ്ട നടപടിക്കൊടുവിൽ 1964ലെ അന്യം നിൽപ്പ്, കണ്ടുകെട്ടൽ നിയമങ്ങൾ അനുസരിച്ചാണ് സർക്കാർ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം ആലത്തൂർ എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് വ്യക്തമാക്കി അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു. വാൻ ഇംഗന്റെ ദത്തുപുത്രി എന്ന് അവകാശപ്പെടുന്ന മൈസൂരു സ്വദേശിനി മൈക്കിൾ ഫ്ളോയ്ഡ് ഈശ്വർ ഭൂമി തിരികെ കിട്ടുന്നതിന് അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ തള്ളിക്കളഞ്ഞാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ പൂർത്തീകരിച്ചത്.
Most Read: ലഖിംപൂര്‍ ഖേരി കൂട്ടക്കൊല; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം








































