നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിന് തിളക്കമേറെയാണ്. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് അൽഫാസ് ഷെക്കീർ തിളക്കമാർന്ന വിജയം കൈവരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ തന്റെ പിതാവിനുള്ള സമ്മാനമാണ് ഈ റാങ്കെന്നാണ് അൽഫാസ് പറയുന്നത്.
ഇടുക്കി മണിയാറൻകുടിയിലെ പള്ളിസിറ്റി എന്ന ഗ്രാമത്തിലാണ് അൽഫാസിന്റെ വീട്. പിതാവ് കെഎം ഷെക്കീർ ഓട്ടോ തൊഴിലാളിയാണ്. കുടുംബം പുലർത്തുന്നതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളെല്ലാം നടത്തുന്നതും ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. പിതാവിന്റെ കഠിനാധ്വാനം കണ്ടാണ് അൽഫാസ് വളർന്നത്.
ഏഴാം ക്ളാസുവരെ പ്രദേശത്തെ സിബിഎസ്ഇ സ്‌കൂളിൽ പഠിച്ച അൽഫാസ് എട്ടുമുതൽ പ്ളസ് ടു വരെ പഠിച്ചത് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. എട്ടിൽ പഠിക്കുമ്പോൾ ഇടുക്കി വോളിബോൾ അക്കാദമിയിൽ പ്രവേശനം ലഭിച്ചു. ഇതോടെ ഇടുക്കി ജില്ലാ സബ് ജൂനിയർ ടീമിൽ അംഗമായി. കായികരംഗത്തെ മികവിനൊപ്പം പഠനത്തിലും മികവ് തെളിയിച്ച അൽഫാസ് 98.6% മാർക്ക് നേടിയാണ് പ്ളസ് ടു പാസായത്.
തുടർന്ന് ഡോക്‌ടറാവുക എന്ന തന്റെ ജീവിതസ്വപ്‌നത്തിന് പിന്നാലെയായിരുന്നു അൽഫാസ്. ഓൺലൈനിൽ എൻട്രൻസ് പഠനം ആരംഭിച്ചു. ആദ്യവർഷം ദേശീയതലത്തിൽ 28,317ആം റാങ്കാണ് ലഭിച്ചത്. എന്നാൽ, നിരാശനാകാതെ ലക്ഷ്യത്തിന് വേണ്ടി മുന്നേറിയ അൽഫാസ് ഇത്തവണ ദേശീയതലത്തിൽ റാങ്ക് 7042ൽ എത്തിച്ചു. സംസ്‌ഥാന തലത്തിൽ 564 ആണ് റാങ്ക്.
കേരളത്തിലെ മെഡിക്കൽ കോളേജിലൊന്നിൽ പ്രവേശനം നേടി തുടർപഠനം നടത്താൻ കാത്തിരിക്കുകയാണ് അൽഫാസ്. തന്റെ ലക്ഷ്യം സാക്ഷാത്‌കരിക്കാൻ പിതാവ് ഷെക്കീറിന്റെയും മാതാവ് നസീനയുടെയും സഹോദരി ഒമ്പതാം ക്ളാസ് വിദ്യാർഥിനിയായ അഫിയയുടെയും വല്യുമ്മയുടെയും പൂർണ പിന്തുണയുണ്ടെന്ന് അൽഫാസ് പറഞ്ഞു. കോട്ടയം അല്ലെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കണമെന്നാണ് അൽഫാസിന്റെ ആഗ്രഹം.
Most Read| ടോൾ പിരിവിന് പകരം ഇനി വാർഷിക പാസ്; ഓഗസ്‌റ്റ് മുതൽ പ്രാബല്യത്തിൽ