വയനാട്: കുറുക്കൻ മൂലയെ വീണ്ടും വിറപ്പിച്ച് കടുവ. മേഖലയിൽ ഇന്ന് വീണ്ടും കടുവ ഇറങ്ങി പശുവിനെ കൊന്നു. പയ്യംമ്പള്ളി പുതിയടം ജോണിന്റെ പശുവിനെയാണ് കൊന്നത്. ഇതോടെ 18 ദിവസങ്ങൾക്കിടെ 16 വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നുതിന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയിട്ട് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കടുവയെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഡ്രോൺ ഉപയോഗിച്ചും കുങ്കിയാനകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. കൂടുകൾ സ്‌ഥാപിച്ചും മയക്കുവെടിവെച്ചും പിടികൂടാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
അതിനിടെ, കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരമേഖലാ സിസിഎഫ്‌ഡികെ വിനോദ് കുമാർ കുറുക്കൻ മൂലയിൽ എത്തിയിരുന്നു. കടുവയെ പിടികൂടാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചായുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കൻമൂലയിൽ ഇറങ്ങിയതെന്നാണ് വിലയിരുത്തൽ. കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് അയച്ചിട്ടുണ്ട്. കടുവ കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോയെന്ന് ഇന്നറിയാം.
അതേസമയം, കുറുക്കൻമൂലയിൽ കടുവ നാട്ടിലിറങ്ങിയെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതിയും നിർദ്ദേശിച്ചിരുന്നു. ഫലപ്രദമായ നടപടികൾ വേഗത്തിൽ ഉണ്ടാവണമെന്നാണ് കോടതിയുടെ നിർദ്ദേശം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോർട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
Most Read: ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ