തിരുവനന്തപുരം: സംസ്‌ഥാനത്ത് 24 മണിക്കൂർ പൊതു പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്. പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.
തിരുവനന്തപുരം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ സജ്‌ജീകരിച്ചിട്ടുണ്ട്. കൊച്ചിയിലും തൃശൂരും സർവീസ് നടത്താനൊരുങ്ങിയ കെഎസ്ആർടിസി ബസുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു.
പോലീസ് സംരക്ഷണത്തോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്‌താവന ട്രേഡ് യൂണിയനുകൾ തള്ളിയിരുന്നു. പണിമുടക്ക് നോട്ടീസ് നേരത്തെ നൽകിയതാണെന്നും പറഞ്ഞു. കെഎസ്‌ബിയിലും കെഎസ്ആർടിസിയിലും ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. പൊതുമേഖലാ സ്‌ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധി ഏർപ്പെടുത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്‌ഥാന സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു.
ഡെൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ഡെൽഹിയിലെ ഓഫീസുകൾ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ റാലിയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ബിഹാറിലെ ജഹാനാബാദിൽ ആർജെഡി പ്രവർത്തകർ റെയിൽവേ ട്രാക്ക് ഉപരോധിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!