കൊൽക്കത്ത: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്.
വിദേശത്തേക്ക് അയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉണ്ടാവില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രത്തെ അറിയിച്ചു. പ്രതിനിധി സംഘങ്ങളിലൊന്നിൽ ഉൾപ്പെട്ട ലോക്‌സഭാ എംപി യൂസഫ് പത്താനോട് ഔദ്യോഗിക സന്ദർശനത്തിന് പങ്കെടുക്കരുതെന്ന് പാർട്ടി നിർദ്ദേശിച്ചതായാണ് വിവരം. എന്നാൽ, വിട്ടുനിൽക്കുന്നതിന്റെ കാരണം പാർട്ടി ഔദ്യോഗികമായി വ്യക്‌തമാക്കിയിട്ടില്ല.
തീവ്രവാദത്തെ കുറിച്ചുള്ള ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിലെ (യുഎൻഎസ്‌സി) അംഗരാജ്യങ്ങൾ ഉൾപ്പടെയുള്ള പ്രധാന രാജ്യങ്ങളിലേക്ക് ഏഴ് ബഹുകക്ഷി പ്രതിനിധികളെ അയക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ശശി തരൂർ (കോൺഗ്രസ്), രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ (ബിജെപി), സഞ്‌ജയ് കുമാർ ഝാ (ജെഡിയു), കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി), ഏക്‌നാഥ് ഷിൻഡെ (ശിവസേന) എന്നിവരാണ് ഏഴ് സംഘത്തെ നയിക്കുക.
എംപിമാരും കേന്ദ്ര മന്ത്രിമാരും ഉൾപ്പടെ 51 രാഷ്‌ട്രീയ നേതാക്കൾ 32 രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ ആസ്‌ഥാനവും സന്ദർശിക്കും. കേരളത്തിൽ നിന്ന് ശശി തരൂർ, ഇടി മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഈ മാസം 22 മുതൽ ജൂൺ പത്തുവരെ നീണ്ടുനിൽക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!