തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം അവസാനിച്ചു. യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കുട്ടനാട്,ചവറ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നീട്ടി വെക്കണമെന്ന് യുഡിഎഫ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടി വെക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചത്. നിശ്ചയിച്ച സമയത്തു തന്നെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടത്താനാണ് എല്‍ഡിഎഫ് ന്റെയും ബിജെപി യുടെയും താല്‍പര്യം. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചര്‍ച്ച ചെയ്‌ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ കക്ഷി യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.