ന്യൂഡെൽഹി: നാളെ മുതൽ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ കൊണ്ടുവരാൻ സാധ്യത. ബിൽ ചർച്ചക്കെടുക്കുമെന്ന് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. 34 പാർട്ടികൾ പങ്കെടുത്ത സർവകക്ഷി യോഗത്തിൽ പ്രധാന ആവശ്യമായി ഉയർന്നത് വനിതാ സംവരണ ബില്ലാണ്. പ്രതിപക്ഷ ആവശ്യത്തെ ബിജെപി പിന്തുണച്ചെന്നാണ് വിവരം.
യുപിഎ സർക്കാർ രാജ്യസഭയിൽ പാസാക്കിയ ബിൽ ലോക്‌സഭയിൽ എത്തിയിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷയടക്കം വനിതാ സംവരണ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും പ്രത്യേക സമ്മേളനത്തിൽ ഇരു സഭകളും ചർച്ച ചെയ്യും. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ബിൽ അടക്കം നാല് ബില്ലുകളും പ്രത്യേക സമ്മേളനം പരിഗണിക്കും.
അതേസമയം, പാർലമെന്റ് സമ്മേളനത്തിൽ പുതിയ പാർലമെന്റിൽ ലോക്‌സഭ, രാജ്യസഭ ജീവനക്കാർക്ക് പുതിയ യൂണിഫോം നിശ്‌ചയിച്ചിട്ടുണ്ട്. നാളെ പഴയ പാർലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക. ഗണേശ ചതുർഥി ദിനമായ ചൊവ്വാഴ്‌ച മുതൽ പുതിയ മന്ദിരത്തിലാകും സമ്മേളനം നടക്കുക. ഇതിന് മുന്നോടിയായി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ന് ദേശീയ പതാക സ്‌ഥാപിക്കും.
Most Read| സംസ്‌ഥാനത്ത് നിപ പരിശോധനക്ക് സംവിധാനമായി; പുതിയ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി