ന്യൂഡെൽഹി: വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ രാജ്യത്തെ സ്‌ത്രീകൾ തെരുവിലിറങ്ങണമെന്ന് കേന്ദ്ര ബിജെപി നേതാക്കൾ ആഹ്വാനം ചെയ്‌തു.
ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വനിതാ ബിൽ പ്രതിപക്ഷം എതിർത്തത്തിൽ എൻഡിഎ എംപിമാർ പാർലമെന്റ് വളപ്പിൽ ഇന്നും പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം എൻഡിഎ വനിതാ എംപിമാർ പാർലമെന്റിൽ പ്രത്യേക പ്രതിഷേധം നടത്തിയിരുന്നു. ‘വനിതാ സംവരണം ഇല്ലാതാക്കിയതിൽ ലജ്‌ജിക്കൂ’ എന്ന പ്ളക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.
അതിനിടെ, പാർലമെന്റ് ബജറ്റ് സമ്മേളനം പൂർത്തിയാക്കി ലോക്‌സഭയും രാജ്യസഭയും ഇന്ന് അനിശ്‌ചിത കാലത്തേക്ക് പിരിയും. വനിതാ സംവരണ ബിൽ ചർച്ച ചെയ്യാനാണ് മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിങ് നടന്നത്. ഇന്നലെ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്‌തത്.
പ്രതിപക്ഷം ബില്ലിനെതിരെ കടുത്ത എതിർപ്പാണ് തുടക്കം മുതൽ പ്രകടിപ്പിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബിൽ പാസാകാൻ വേണ്ടത്. എന്നാൽ, ഭൂരിപക്ഷത്തിന് 48 വോട്ടിന്റെ കുറവ് വന്നു. ലോക്‌സഭയിൽ മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് വനിതാ സംവരണ നിയമ ഭേദഗതി ബിൽ വോട്ടിനിട്ടത്.
ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. 2029 മുതൽ വനിതാ സംവരണം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ. സംസ്‌ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളും അനുവദിക്കും.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































