ന്യൂഡെൽഹി: സ്‌ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയങ്കാ ഗാന്ധി. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. പാർലമെന്റിൽ ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. എൻഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവർ ഞെട്ടിപ്പോയെന്നും ഇത് പ്രതിപക്ഷ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഭരണഘടനാ ഭേദഗതി ബില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ രാജ്യാന്തര സമ്മർദ്ദത്തിലാണ്. അത് ജനങ്ങൾക്ക് അറിയാമെന്നും അവർ പറഞ്ഞു.
”മണ്ഡല പുനർനിർണയം കൊണ്ടുവരാനാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചത്. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളെയും ദുർബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഫെഡറൽ സംവിധാനത്തിൽ മാറ്റം വരുത്താനും ജനാധിപത്യത്തെ തകർക്കാനുമുള്ള സർക്കാരിന്റെ ഈ നീക്കം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്‌തു.
ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും ഐക്യത്തിന്റെയും വിജയമാണ്. എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാൻ അവർ നടത്തുന്ന ഒരു ഗൂഢാലോചനയാണിത്. സ്‌ത്രീകളെ ഉപയോഗിച്ച് സ്‌ഥിരമായി അധികാരത്തിൽ തുടരാനാണ് അവർ പദ്ധതിയിടുന്നത്. ബിൽ പാസായാൽ തങ്ങൾക്ക് ജയിക്കാമെന്ന് അവർ കരുതി.
ഇനി ബിൽ പാസായില്ലെങ്കിൽ, മറ്റു പാർട്ടികളെ സ്‌ത്രീവിരുദ്ധമായി ചിത്രീകരിച്ചു തങ്ങൾ സ്‌ത്രീകളുടെ രക്ഷകരാണെന്ന് വരുത്തി തീർക്കാനും അവർ ശ്രമിക്കും. എന്നാൽ സ്ത്രീകളുടെ രക്ഷകരാവുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞങ്ങൾക്കറിയാം”- പ്രിയങ്ക ഗാന്ധി പറഞ്ഞു.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം








































