കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്ന നിവിന്റെ സംശയം ബലപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും നിർമാതാവുമായ കണ്ണൂർ സ്വദേശി അനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ഇതിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. സൈബർ വിഭാഗം ശേഖരിച്ച സിഡിആർ വിവരങ്ങൾ കേസിൽ വഴിത്തിരിവായിട്ടുണ്ട്.
പരാതിക്കാരിയായ കോതമംഗലം സ്വദേശിനിയായ യുവതിയുമായി അനന്ദ് പയ്യന്നൂരിനുള്ള അടുപ്പത്തിന്റെ തെളിവുകൾ പോലീസ് ശേഖരിച്ചതായാണ് വിവരം. യുവതി ഉന്നയിച്ച ആരോപണങ്ങളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് കേസന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ സംശയമുണ്ടായിരുന്നു. പരാതി നൽകുന്നതിന് മുമ്പും ശേഷവും അനന്ദ് പയ്യന്നൂരുമായി അടുപ്പമുള്ള, ഇപ്പോൾ കൊച്ചിയിൽ കേന്ദ്രീകരിച്ച കണ്ണൂർ കരുവള്ളൂർ സ്വദേശിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി തവണ പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച് സംസാരിച്ചതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ആഴ്‌ച ആലുവ പോലീസ് ക്യാമ്പിലേക്ക് അനന്ദ് പയ്യന്നൂരിനെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളിലെ പൊരുത്തക്കേടുകളുടെയും പിന്നാലെ ലഭ്യമായ തെളിവുകളുടെയും അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസം തൃശൂർ പോലീസ് അക്കാദമിയിൽ വിളിച്ചുവരുത്തിയും ചോദ്യം ചെയ്‌തിരുന്നു. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ടോളം നീണ്ടു. ഇയാൾ പോലീസ് നിരീക്ഷത്തിലാണ്.
നിവിൻ പോളിയെ നായകനാക്കി അനന്ദ് പയ്യന്നൂർ നിർമിച്ച തമിഴ് ചിത്രമായ റിച്ചി കനത്ത സംമ്പത്തിക നഷ്‌ടം വരുത്തിയിരുന്നു. ഈ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ തന്റെ തുടർന്നുള്ള ചില പ്രൊജക്‌ടുകളുമായി അനന്ദ് നിവിൻ പോളിയെ സമീപിച്ചിരുന്നു. എന്നാൽ, പലവിധ കാരണങ്ങളാൽ നിവിൻ ഇതിൽ നിന്ന് പിൻമാറിയതിലുള്ള പ്രതികാരവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടൻമാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാരുൾപ്പടെ രംഗത്തുവന്നിരുന്നു. അക്കൂട്ടത്തിലാണ് നിവിന്റെ പേരും ഉയർന്നത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ദുബായിലെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻ പോളിയും നിർമാതാവും ഉൾപ്പടെ ആറുപേർ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.
നിവിൻ പോളി ഉൾപ്പടെ ആറുപേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തിരുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി.

എന്നാൽ, ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചിരുന്നു. പിന്നാലെ യുവതിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി സംവിധായകൻ വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്‌ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന തീയതികളിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിലെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവുകളും വിനീത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിവിൻ നേരിട്ട് പരാതിയുമായി രംഗത്തെത്തിയത്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ.
Related News| പീഡന പരാതി; കേസ് എതിരാകില്ലെന്ന് സൂചന- നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ല








































