തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം. നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചുപിടിപ്പിക്കുന്ന ജാപ്പനീസ് മാതൃകയാണ് മിയാവാക്കി. പദ്ധതിയുടെ കരാർ പ്രത്യേകം ചിലർക്ക് നൽകുന്നതിന് വേണ്ടി ടെൻഡർ മാനദണ്ഡങ്ങളിൽ കൃത്രിമം കാണിച്ചുവെന്നാണ് ആക്ഷേപം. പദ്ധതി നടപ്പിലാക്കുന്നതിന് 5.79 കോടി രൂപയുടെ കരാറാണ് കൾച്ചറൽ ഷോപ്പി എന്ന കൺസോർഷ്യത്തിന് നൽകിയിരുന്നത്.
നവംബർ 5ന് ഉൽഘാടനം ചെയ്ത പദ്ധതി, 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത്. ഇതിനുവേണ്ടി കൾച്ചറൽ ഷോപ്പി, നേച്ചർ ഗ്രീൻ ഗാർഡിയൻ, ഇൻവിസ് മൾട്ടീമീഡിയ എന്നീ കമ്പനികളുടെ കൺസോർഷ്യത്തിനാണ് കരാർ നൽകിയത്.
Read also: ഗോൾവാൾക്കർ വിവാദം; മുസ്ലിം വർഗീയത ഇളക്കിവിടാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ
നടത്തിപ്പുകാരെ കണ്ടെത്തുന്നതിന് പിന്നിൽ പല കൃത്രിമങ്ങളും നടന്നുവെന്നാണ് ആക്ഷേപം. 2019 ജനുവരിയിൽ തിരുവനന്തപുരം കനകക്കുന്നിൽ സർക്കാർ ഭൂമിയിൽ മിയാവാക്കി സ്ഥാപിക്കാൻ കൾച്ചറൽ ഷോപ്പിക്ക് അനുമതി നൽകി. കാര്യമായ മുൻപരിചയം ഇല്ലാത്ത കമ്പനിക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരുന്നത്. എന്നാൽ പിന്നീട് ആഗസ്റ്റിൽ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കാൻ ടെൻഡർ വിളിക്കുകയായിരുന്നു.
ഒരു സെന്റിന് 3 ലക്ഷം രൂപയാണ് മിയാവാക്കി പദ്ധതിക്കായി കൾച്ചറൽ ഷോപ്പിക്ക് നൽകുന്നത്. കേരളത്തിന് പുറത്തുള്ള പല കമ്പനികളും കുറഞ്ഞ ചിലവിൽ മിയാവാക്കി സ്ഥാപിക്കാൻ തയാറായിരുന്നു.
ടെൻഡറിലെ വ്യവസ്ഥകൾ തന്നെ കൾച്ചറൽ ഷോപ്പിയെ സഹായിക്കുന്ന വിധം ആയിരുന്നെന്നാണ് ആക്ഷേപം. കേരളത്തിൽ പദ്ധതി നടപ്പിലാക്കിയവർ കൂടാതെ, സംസ്ഥാന സർക്കാരുമായി ചേർന്ന് മുൻപ് ഏതെങ്കിലും പദ്ധതി നടപ്പിലാക്കിയവരും ആകണമെന്നായിരുന്നു കരാർ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്ന വ്യവസ്ഥ. ഇത് കൾച്ചറൽ ഷോപ്പിക്ക് തന്നെ കരാർ ലഭിക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് ആരോപണം.
എന്നാൽ പദ്ധതിയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ദേശീയ ടെൻഡർ വിളിച്ചാണ് കരാർ നൽകിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
Read also: കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?





































