ന്യൂഡെൽഹി: ഒടുവിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കർഷക പ്രക്ഷോഭം ചർച്ചയായെന്നും, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ അമിത് ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. അതേസമയം പിസിസി അധ്യക്ഷസ്ഥാനം കഴിഞ്ഞ ദിവസം നവ്ജ്യോത് സിംഗ് സിദ്ദു രാജി വച്ചതോടെ അമരീന്ദർ വീണ്ടും പഞ്ചാബ് കോൺഗ്രസിൽ സജീവമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കർഷക സമരം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് അമരീന്ദർ പക്ഷം വാദിക്കുന്നത്. അതേസമയം പഞ്ചാബിലെ പ്രതിസന്ധിയിൽ ഹൈക്കമാൻഡിനെ കുറ്റപ്പെടുത്തി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രംഗത്ത് വരികയും ചെയ്തു. പാർട്ടിക്ക് നിലവിൽ ഒരു പ്രസിഡണ്ട് ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അവർ ആരോപിക്കുന്നത്.
Read also: ഡ്രൈവിങ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവം; കാഞ്ഞങ്ങാട് മോട്ടോർ വാഹന ഇൻസ്പെക്ടർ പിടിയിൽ







































