ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ സമവായം. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി തുടരും. നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷനാവും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗും, നവജ്യോത് സിംഗ് സിദ്ദുവും കഴിഞ്ഞയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് ഒത്തുതീർപ്പ് സാധ്യമായത്.
കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം അമരീന്ദർ സിംഗ് പറഞ്ഞിരുന്നത്. സംസ്‌ഥാന അധ്യക്ഷന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡണ്ടുമാരെയും നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പഞ്ചാബിലെ പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അടുത്ത ദിവസങ്ങളിൽ തന്നെ പരിഹാരമുണ്ടാകുമെന്ന് പഞ്ചാബിന്റെ ചാര്‍ജുള്ള നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു.
2017 തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിംഗും, സിദ്ദുവും തമ്മിലുള്ള തർക്കം രൂക്ഷമായത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഈ നീക്കം തടയുകയായിരുന്നു. പിന്നീട് സിദ്ദുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.
Read also: ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ







































