തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിലെ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. എട്ടുലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ശിക്ഷ വിധിച്ചത്. കേസിൽ തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാളം വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രൻ (40) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വസ്‌തു കൈയ്യേറ്റം, കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതിയിൽ തെളിഞ്ഞത്. 2022 ഫെബ്രുവരി ആറിന് പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ (38) കടയ്‌ക്കുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
വിനീതയുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കമുള്ള സ്വർണമാല കവരുന്നതിനായിരുന്നു കൊലപാതകം. സമാന രീതിയിൽ പ്രതി തമിഴ്‌നാട്ടിലും മൂന്ന് കൊലപാതകങ്ങൾ നടത്തിയിരുന്നു. ഉന്നത ബിരുദധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്‌റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്.
തമിഴ്‌നാട് തിരുനെൽവേലി വെള്ളമടം സ്വദേശിനിയും കസ്‌റ്റംസ് ഉദ്യോഗസ്‌ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), മകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തിയാണ് പണവും സ്വർണവും കവർന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങി ഹോട്ടൽ തൊഴിലാളിലായി പേരൂർക്കടയിലെത്തിയ രാജേന്ദ്രൻ വിനീതയേയും കൊലപ്പെടുത്തുകയായിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷന് സഹായകരമായത് സാഹചര്യ തെളിവുകളും ശാസ്‌ത്രീയ ഫൊറൻസിക് തെളിവുകളുമാണ്. ജില്ലാ കലക്‌ടർ, സൈക്കോളജിസ്‌റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതക പരമ്പര നടത്തിയിട്ടുള്ള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ








































