വാഷിംഗ്ടൺ: രോഗ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി അമേരിക്ക. കോവിഡ് ഡെൽറ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഫൈസർ, മോഡേണ എന്നീ വാക്സിനുകളാണ് ബൂസ്റ്റർ ഡോസായി നൽകാൻ അമേരിക്ക അനുമതി നൽകിയത്.
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ, അതിന് സമാനമായ രീതിയിൽ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുകയെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്(എഫ്ഡിഎ) വ്യക്തമാക്കി. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും, പ്രതിരോധ ശേഷി ഉള്ളവർക്കും ബൂസ്റ്റർ ഡോസിന്റെ ആവശ്യം ഇല്ലെന്നും, അവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ തന്നെ കോവിഡിൽ നിന്നും സംരക്ഷണം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്ത് നിലനിൽക്കുന്ന വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനും, ദരിദ്ര രാജ്യങ്ങളിലേക്ക് കൂടുതൽ വാക്സിൻ എത്തിക്കുന്നതിനും ബൂസ്റ്റർ ഡോസ് നൽകുന്നതിൽ നിന്നും സമ്പന്ന രാജ്യങ്ങൾ പിൻമാറണമെന്ന് ലോകാരോഗ്യ സംഘടനാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശം നേരത്തെ തന്നെ അമേരിക്ക തള്ളിയിരുന്നു.
Read also: പാർലമെന്ററി നടപടികൾ കേന്ദ്രത്തിന് തമാശ; എളമരം കരീം







































