12 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ് നിർബന്ധം; ഇസ്രയേൽ

By Team Member, Malabar News
Covid Vaccination Israel

ഇസ്രായേൽ: 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നിർബന്ധമാക്കി ഇസ്രയേൽ സർക്കാർ. കൂടാതെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 4 തവണയാണ് ബൂസ്‌റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ പ്രായപരിധിയിൽ ഇസ്രയേൽ മാറ്റം വരുത്തുന്നത്.

60 വയസിന് മുകളിലുള്ള ആളുകൾ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന് ഓഗസ്‌റ്റ് ആദ്യമാണ് സർക്കാർ നിർദ്ദേശം നൽകിയത്. തുടർന്ന് ഇത് 30 വയസിന് മുകളിലുള്ള എല്ലാവർക്കും ബാധകമാക്കി. വാക്‌സിനേഷനിൽ മറ്റൊരു രാജ്യത്തിനും കൈവരിക്കാൻ സാധിക്കാത്ത നേട്ടം ഇസ്രയേൽ സ്വന്തമാക്കിയതായാണ് പ്രധാനമന്ത്രി നഫ്റ്റലി ബെന്നറ്റ് വ്യക്‌തമാക്കിയത്‌. ബൂസ്‌റ്റർ ഡോസ് യജ്‌ഞം വിജയകരമായി തുടരുന്നുവെന്നും, രാജ്യത്ത് ഇതുവരെ 2 മില്യൺ ആളുകൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈസര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 5 മാസം കഴിഞ്ഞവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ഇസ്രയേൽ വ്യക്‌തമാക്കി. എന്നാൽ 6 മാസം കഴിഞ്ഞും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാത്തവരുടെ ഗ്രീൻ പാസ് റദ്ദാക്കുമെന്നാണ് നിലവിൽ സർക്കാർ അറിയിച്ചത്. കൂടാതെ മറ്റുരാജ്യങ്ങളില്‍ നിന്നെത്തുന്ന ആളുകൾ ബൂസ്‌റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്‌ചത്തെ ക്വാറന്റെയ്‌നിൽ ഇളവ് ലഭിക്കും. പകരം ഇവർക്ക് 24 മണിക്കൂർ ക്വാറന്റെയ്‌നോ കോവിഡ് പരിശോധനയോ മതിയാകും.

അതേസമയം സർക്കാർ തീരുമാനത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. കൃത്യ സമയത്ത് ബൂസ്‌റ്റർ ഡോസ് എടുക്കാത്തവർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിലൂടെ അവരെ വാക്‌സിൻ എടുക്കാത്തവരായി കണക്കാക്കുകയാണ് ചെയ്യുന്നതെന്നും ആരോപണം ഉയരുന്നു. ലോകത്ത് നിലവിൽ നിരവധി രാജ്യങ്ങൾ വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ ബൂസ്‌റ്റർ ഡോസ് നൽകുന്ന നടപടി ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഇസ്രയേലിൽ 12 വയസിന് മുകളിലുള്ള ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് നിർബന്ധമാക്കുന്നത്.

Read also: ചേരിപ്പോര് യുഡിഎഫിലും; മുന്നണി യോഗത്തില്‍ ആർഎസ്‌പി പങ്കെടുക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE