പാറ്റ്ന: ബിഹാറിൽ 243 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ജനവിധിയുടെ ഫലങ്ങൾ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായ ആശ്വാസത്തിലാണ് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം. എന്നാൽ, എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രതികൂലമായെങ്കിലും ബിഹാറിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷ ബിജെപിയും ജെഡിയുവും കൈവിട്ടിട്ടില്ല.
സംസ്‌ഥാനത്തു ഭരണമാറ്റം ഉണ്ടാകുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്‌ചാത്തലത്തിൽ എംഎൽഎമാരുടെ കൂറുമാറ്റം തടയുന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിനായി രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളെ കോൺഗ്രസ് ബിഹാറിലേക്കയച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അവിനാശ് പാണ്ഡെ, രൺദീപ് സിംഗ് സുർജേവാല എന്നീ നേതാക്കളെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബിഹാറിലേക്ക് അയച്ചിരിക്കുന്നത്.
ബിഹാറിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ആണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എംഎൽഎമാരെ മറുപക്ഷം ചാക്കിട്ട് പിടിക്കാനുള്ള സാധ്യത കോൺഗ്രസ് തള്ളുന്നില്ല.
കർണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പൂർ സംസ്‌ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് ഭരണം അട്ടിമറിച്ച ബിജെപി, സമാന തന്ത്രം ബിഹാറിലും പയറ്റിയേക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇത് പ്രതിരോധിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് പാർട്ടി വക്‌താക്കൾ പ്രതികരിച്ചു.
Related News: എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യത്തിന് അനുകൂലം; ബിജെപിക്ക് തിരിച്ചടി
സ്വാധീനിക്കാൻ ശ്രമം നടന്നാൽ ഏത് രീതിയിൽ അതിനെ പ്രതിരോധിക്കണം എന്നതു സംബന്ധിച്ച നിർദേശങ്ങൾ കോൺഗ്രസ് സ്‌ഥാനാർഥികൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിജയമുറപ്പിച്ചാൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കാതെ നേരെ പാറ്റ്നയിലേക്ക് എത്തണമെന്നാണ് സ്‌ഥാനാർഥികൾക്കുള്ള നിർദേശം. ജയിക്കുന്ന എല്ലാവരേയും പാറ്റ്നയിലെ ഹോട്ടലിൽ താമസിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.