ചെന്നൈ: 2026ൽ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സർക്കാറിനെ പുറത്താക്കാൻ കാത്തിരിക്കുകയാണ് തമിഴ്നാട്ടിലെ ജനങ്ങളെന്നും 2026ൽ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ മധുരയിൽ പറഞ്ഞു.
നാലുവർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ വിമർശിച്ചു.
എംകെ സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതികളുടെ ഒരു നീണ്ട പട്ടിക എന്റെ പക്കലുണ്ട്. പക്ഷേ അവ ഓരോന്നും വിശദീകരിച്ച് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 60 ശതമാനവും പാലിച്ചിട്ടില്ല. മാസ്റ്റർ സ്റ്റാലിൻ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്ര എണ്ണം പാലിച്ചെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.
ഡിഎംകെ സർക്കാർ 4600 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി. അല്ലാത്തപക്ഷം തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും രണ്ട് അധിക മുറികൾ നിർമിക്കാൻ ഈ പണം ഉപയോഗിക്കാമായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ