തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, ഇരു മുന്നണികളും കേരളത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്തപ്പോഴാണ് അമിത് ഷാ ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയത്.
യുഡിഎഫിന്റെ ഭരണകാലത്ത് കേരളത്തിൽ സോളാർ കേസ് ആയിരുന്നെന്നും, എൽഡിഎഫ് അധികാരത്തിൽ വന്നതിന് ശേഷം പിന്നീട് സ്വർണ്ണക്കടത്തായി മാറിയെന്നും അമിത് ഷാ ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ അമിത് ഷാ ഇന്ന് സന്ദർശനം നടത്തും.
തൃപ്പൂണിത്തുറയിൽ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കാഞ്ഞിരപ്പള്ളിയിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ശേഷം കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും, വൈകിട്ട് കഞ്ചിക്കോട് നടക്കുന്ന റോഡ് ഷോയിലും പങ്കെടുത്ത ശേഷം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോയമ്പത്തൂരേക്ക് മടങ്ങും.
Read also : ദുബായ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു







































