തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണ് മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.
തുടർച്ചയായി രണ്ടാം ദിവസമാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരണം റിപ്പോർട് ചെയ്യുന്നത്. ഇന്നലെ ചിറയിൻകീഴ് സ്വദേശിനി വസന്ത മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈമാസം 62 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേർ മരിക്കുകയും ചെയ്തു. ഈവർഷം 32 പേരാണ് മരിച്ചത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്കയാവുകയാണ്.
എന്താണ് മസ്തിഷ്ക ജ്വരം (മെനിഞ്ചോ എൻസെഫലൈറ്റിസ്)
വെള്ളത്തിൽ ജീവിക്കുന്ന നെയ്ഗ്ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്.
മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ടു ആഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെയ്ഗ്ളേറിയ ഫൗളറി ആളുകളെ ബാധിക്കുന്നത്.
അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്




































