പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ളാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പ്രതിപക്ഷ അംഗങ്ങൾ ടൗണ്‍ പ്ളാൻ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതേ തുടർന്ന് നഗരസഭാ കൗൺസിൽ യോഗം നിർത്തിവെച്ചു. നിലവിൽ സംഘർഷം ഒഴിഞ്ഞിരിക്കുകയാണ്.
നേരത്തെ രൂപീകരിച്ച മാസ്റ്റർ പ്ളാൻ സബ് കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി ആയിരുന്നു തർക്കം. അടുത്ത 20 വർഷത്തേക്കുള്ള അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്റ്റർ പ്ളാൻ ആയിരുന്നു ഇന്ന് കൗൺസിലിൽ അവതരിപ്പിച്ചത്. എന്നാൽ, മുമ്പ് ഉണ്ടായിരുന്ന കൗൺസിലിലും മാസ്റ്റർ പ്ളാൻ ഉണ്ടായിരുന്നു. അത് എവിടെ ആണെന്ന് ചോദിച്ചായിരുന്നു പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയത്. എന്നാൽ, പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകാതെ ഭരണപക്ഷം വിദഗ്ധ സമിതി അംഗങ്ങളെ പ്രഖ്യാപിക്കുകയായിരുന്നു.
ഡോ. ഇ ശ്രീധരന്റെയും ഡോ. മാലിനി കൃഷ്ണൻ കുട്ടിയുടെയും പേരായിരുന്നു നിർദ്ദേശിച്ചത്. തുടർന്ന് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാതെ വിദഗ്ധ സമിതിയെ നിർദ്ദേശിക്കലല്ല പരിഹാരം എന്നുപറഞ്ഞായിരുന്നു ബഹളം. സംഘർഷത്തെ തുടർന്ന് രണ്ട് തവണ കൗൺസിൽ യോഗം നിർത്തിവെച്ചു. നഗരസഭാ അധ്യക്ഷ വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ നേതൃയോഗത്തിൽ ധരണയായതിനെ തുടർന്ന് മാസ്റ്റർ പ്ളാൻ അവതരിപ്പിക്കുകയും കൗൺസിൽ യോഗം അവസാനിപ്പിക്കുകയും ചെയ്തു.
Most Read: ശബരിമല തീർഥാടനം; നടവരവ് 84 കോടി പിന്നിട്ടു






































