ചണ്ഡീഗഡ്: ജയിലിൽ കഴിയുന്ന എംപിയും ഖലിസ്‌ഥാൻ അനുകൂല സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന് പഞ്ചാബിലെ ശ്രീ മുക്‌ത്‌സർ സാഹിബിൽ നടക്കുന്ന റാലിയിൽ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്.
ശ്രീ മുക്‌ത്‌സർ സാഹിബിൽ നടക്കുന്ന സിഖ് വംശജരുടെ ആഘോഷമായ മാഘി ദാ മേളയിലാണ് ‘പന്ഥ് ബചാവോ, പഞ്ചാബ് ബചാവോ’ എന്ന് പേരിട്ടിട്ടുള്ള റാലി നടക്കുന്നത്. നിലവിൽ അസമിലെ ദിബ്രുഗഡിലെ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിങ്. 2023 ഏപ്രിൽ 23നാണ് അമൃത്പാലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ദേശീയ സുരക്ഷാനിയമം അനുസരിച്ചായിരുന്നു അറസ്‌റ്റ്. പോലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്‌നാല പോലീസ് സ്‌റ്റേഷൻ ആക്രമിച്ചതുൾപ്പടെ ഒട്ടേറെ കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ, പോലീസിനെ കൈയേറ്റം ചെയ്യൽ എന്നിവയും ഇതിലുൾപ്പെടുന്നു.
രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് അമൃത്പാലിന്റെ പിതാവ് താർസെം സിങ് സെപ്‌തംബറിൽ സൂചന നൽകിയിരുന്നു. പഞ്ചാബിന്റെ സാമൂഹിക- സാമ്പത്തിക-സാംസ്‌കാരിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി രാഷ്‌ട്രീയ പാർട്ടി വേണമെന്നായിരുന്നു താർസെം പറഞ്ഞത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം