മലപ്പുറം: ജില്ലാ ആശുപത്രിയിൽ 3000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണി സ്ഥാപിച്ചു. ഓക്സിജൻ ക്ഷാമത്തിന് മുൻകരുതലായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലാണ് സംഭരണി സ്ഥാപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. 28 ലക്ഷം രൂപ വിലവരുന്ന സംഭരണി ഇന്തോനേഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമാണ് ആശുപത്രിയിലുള്ളത്. 40 കിടക്കകളിലെ രോഗികൾക്ക് ഒരേസമയം ഓക്സിജൻ നൽകാനാകും.
മണിക്കൂറിൽ 30 മുതൽ 40 എണ്ണം വരെ ഓക്സിജൻ സിലിണ്ടർ ഇവിടെ ഉപയോഗിക്കുന്നുണ്ട്. സിലിണ്ടറുകൾ ദിവസേന വാഹനത്തിൽ കഞ്ചിക്കോട്ട് എത്തിച്ചു നിറച്ചുകൊണ്ടു വരികയാണിപ്പോൾ ചെയ്യുന്നത്. പ്ളാന്റ് പ്രവർത്തന ക്ഷമമാകുന്നതോടെ വാഹനക്കൂലി ഗണ്യമായി കുറക്കാനാകും. ആഴ്ചയിൽ ഒരിക്കൽ ടാങ്കറിൽ എത്തിച്ചു സംഭരണിയിൽ നിറക്കുകയാണ് ചെയ്യുക. ജില്ലാ പഞ്ചായത്ത് അനുവദിച്ചതിൽ ശേഷിച്ച തുക വിനിയോഗിച്ചു മുഴുവൻ കിടക്കകളിലേക്കും ഓക്സിജൻ വിതരണത്തിന് സംവിധാനം ഒരുക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻഎ കരീം, എച്ച്എംസി അംഗങ്ങളായ എ ഗോപിനാഥ്, പാലൊളി മെഹബൂബ്, ജസ്മൽ പുതിയറ, സൂപ്രണ്ട് ഡോ. എൻ അബൂബക്കർ, ആർഎംഒ ഡോ. പിഎം ബഹാവുദ്ദീൻ, പി വിജയകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ക്രെയിൻ ഉപയോഗിച്ചാണ് ഓക്സിജൻ സംഭരണി ഇറക്കിയത്. ഒരു മാസത്തിനകം ഇത് ഉപയോഗ സജ്ജമാക്കും.
Malabar News: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ശമ്പളം മുടങ്ങി; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ കേസെടുത്തു







































