ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യം വെച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി അധികാരത്തിലേറിയതിന് പിന്നാലെയാണ് നടപടി.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ആന്ധ്ര പ്രദേശ് തലസ്ഥാന മേഖലാ വികസന അതോറിറ്റി (എപിസിആർടിഎ) ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസ് ഇടിച്ചു നിരത്തിയത്. കൈയ്യേറിയ സ്ഥലത്താണ് ഓഫീസ് നിർമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി.
പുലർച്ചെ 5.30നാണ് കെട്ടിടം പൊളിച്ചത്. സംഭവത്തിന് പിന്നിൽ ടിഡിപിയുടെ കുടിപ്പകയാണെന്ന് വൈഎസ്ആർസിപി ആരോപിച്ചു. കെട്ടിടം പൊളിക്കുന്നത് മരവിപ്പിച്ചുകൊണ്ടുളള ഹൈക്കോടതി വിധി നിലനിൽക്കെ അതിനെ മറികടന്നാണ് നടപടിയെന്നും വൈഎസ്ആർ കോൺഗ്രസ് പത്രക്കുറിപ്പിൽ ആരോപിച്ചു.
2019ൽ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലേറിയതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേർന്നുള്ള പ്രജാവേദിക മന്ദിരം ഇടിച്ചു നിർത്തിയിരുന്നു. ജനങ്ങളുമായി കൂടിക്കാഴ്ചക്ക് വേണ്ടി ഒമ്പത് കോടി രൂപാ ചിലവിൽ നിർമിച്ചതായിരുന്നു പ്രജാവേദിക മന്ദിരം. അധികാരം കിട്ടുമ്പോഴെല്ലാം പരസ്പരം പ്രതികാരം വീട്ടുന്നവരാണ് ജഗൻ മോഹനും നായിഡുവും.
Most Read| കെജിഎഫിൽ വീണ്ടും സ്വർണഖനനം നടത്താൻ കർണാടക സർക്കാർ അനുമതി