ഹൈദരാബാദ്: സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ആന്ധ്ര പോലീസ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും പോലീസ് തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകളിട്ട കേസിലാണ് സംവിധായകനെതിരെ അന്വേഷണം. നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്‌ത ചിത്രങ്ങളടക്കം വർമ പോസ്‌റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണ് പരാതി നൽകിയത്.
പരാതിയിൽ പോലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാംഗോപാൽ വർമയ്‌ക്ക് സമൻസ് അയക്കുകയും ചെയ്‌തിരുന്നു. എന്നാൽ, അറസ്‌റ്റ് ഉണ്ടാകുമെന്ന സംശയത്തിൽ രാംഗോപാൽ വർമ ഒളിവിൽ പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെർച്വലായി ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന ഇദ്ദേഹം പോലീസിനെ അറിയിച്ചതായാണ് വിവരം.
വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലിരിക്കെ, രാംഗോപാൽ വർമ തന്റെ ‘വ്യൂഹം’ എന്ന സിനിമയുടെ പ്രമോഷനുകൾക്കിടെ ചന്ദ്രബാബു നായിഡു, നാരാ ലോകേഷ്, ഭാര്യ ബ്രാഹ്‌മണി എന്നിവരെ ലക്ഷ്യമിട്ട് അപകീർത്തികരമായ പോസ്‌റ്റ് പങ്കുവെച്ചെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഇതിൽ സംസ്‌ഥാനത്തുടനീളം രാംഗോപാൽ വർമയ്‌ക്കെതിരെ നിരവധി കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
അതിനിടെ, പോലീസിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് അറസ്‌റ്റിൽ നിന്ന് സംരക്ഷണം തേടി രാംഗോപാൽ വർമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമ ഷൂട്ടിങ് തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതെന്നാണ് ഹരജിയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഹരജി തള്ളിയ ഹൈക്കോടതി എത്രയും പെട്ടെന്ന് പോലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’