ബൽഗ്രേഡ്: പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപക്ക്. സെർബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആംബാൻഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദർദെവിക്ക് എന്ന കുഞ്ഞിന്റെ ചികിൽസക്ക് പണം ശേഖരിക്കാനാണിത്. സെർബിയയിലെ ‘മൊസാർട്ട്’ എന്ന ബെറ്റിങ് കമ്പനിയാണ് റൊണാൾഡോയുടെ ആംബാൻഡ് 7.5 ദശലക്ഷം ദിനാറിന് (ഏകദേശം 55 ലക്ഷം രൂപ) ലേലത്തിൽ പിടിച്ചത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെർബിയക്കെതിരേ നടന്ന മൽസരത്തിന്റെ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പ്രതിരോധനിരതാരം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗോൾവര കടന്നിരുന്നു. എന്നാൽ, റഫറി ഗോൾ അനുവദിച്ചില്ല. മൽസരം 2-2ന് സമനിലയിൽ നിൽക്കെയായിരുന്നു സംഭവം. ഇതോടെ ക്ഷുഭിതനായ താരം ക്യാപ്റ്റന്റെ ആംബാൻഡ് വലിച്ചെറിഞ്ഞ് മൽസരം അവസാനിക്കുന്നതിന് മുൻപേ കളം വിട്ടിരുന്നു.
സ്റ്റേഡിയത്തിലുണ്ടായിരുന്ന ഒരു ഫയർഫോഴ്സ് ജീവനക്കാരനാണ് സെർബിയയിലെ ജീവകാരുണ്യ കൂടായ്മക്ക് ആംബാൻഡ് കൈമാറിയത്. അറിഞ്ഞു കൊണ്ടല്ലെങ്കിൽ പോലും ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്ന സംഭവമാണ് അവിടെ നടന്നത്. വാർത്ത പുറത്ത് അറിഞ്ഞതോടെ ആരാധകരും, മറ്റുള്ളവരും ഏറ്റെടുത്ത് കഴിഞ്ഞു.
Read Also: ക്രൂഡോയിൽ വില ഇടിയുന്നു; ഗുണം ലഭിക്കാതെ ഇന്ത്യൻ ജനത





































