തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
2000 മുതൽ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയി. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടായി. ഭരണത്തിലിരിക്കെ, ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് നേടിക്കൊടുത്തു. 2010ൽ ജില്ലാ പഞ്ചായത്ത് അംഗമായി. രണ്ടരവർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരുമാസം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡണ്ടായി.
2016ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മൽസരിച്ച് ജയിച്ചാണ് അനിൽ അക്കര നിയമസഭയിൽ എത്തുന്നത്. 45 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ, 2021ൽ സിപിഎം മണ്ഡലം പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോടാണ് അന്ന് പരാജയപ്പെട്ടത്. എഐസിസി സെക്രട്ടറിയായിരുന്ന അനിലിനെ അടുത്തിടെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































