വേങ്ങൂരിൽ വീണ്ടും മഞ്ഞപ്പിത്ത മരണം; 75 ദിവസം വെന്റിലേറ്ററിൽ ആയിരുന്ന യുവതി മരിച്ചു

By Trainee Reporter, Malabar News
vengur
അഞ്‌ജന ചന്ദ്രൻ
Ajwa Travels

കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിൽ ആയിരുന്നു 27-കാരി മരിച്ചു. വേങ്ങൂർ അമ്പാടൻവീട്ടിൽ അഞ്‌ജന ചന്ദ്രൻ ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് യുവതി 75 ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് മരണത്തിന് കീഴടങ്ങിയത്.

25 ലക്ഷത്തോളം രൂപയാണ് അഞ്‌ജനയുടെ ചികിൽസയ്‌ക്കായി കുടുംബം ചിലവാക്കിയത്. എന്നിട്ടും സർക്കാർ നയാപൈസ പോലും ധനസഹായം നൽകിയിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. വാട്ടർ അതോറിറ്റി പമ്പ് ചെയ്‌ത വെള്ളത്തിൽ നിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം വേങ്ങൂരിലെ 250ലേറെപ്പേരെ ബാധിച്ചെങ്കിലും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടെയാണ് അഞ്‌ജനയുടെ മരണം.

ഏപ്രിൽ 17നാണ് വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചത്. അഞ്‌ജനയുടെ ഭർത്താവ് ശ്രീകാന്ത്, സഹോദരൻ ശ്രീനി തുടങ്ങിയവരുൾപ്പടെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ശ്രീകാന്ത് ഗുരുതരാവസ്‌ഥയിൽ ആയിരുന്നെങ്കിലും രോഗം ഭേദമായി. ഡയാലിസിസ് ചെയ്‌താണ്‌ ശ്രീകാന്ത് ജീവൻ നിലനിർത്തുന്നത്. ഉപജീവനമാർഗമായ പശുവിനെയും ലോറിയും വിറ്റാണ് ഇവർ ചികിൽസ നടത്തിയത്.

തുടക്കത്തിൽ തന്നെ അസുഖം ബാധിച്ച അഞ്‌ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്‌ഛിച്ചു. മഞ്ഞപ്പിത്തം കരളിനേയും വൃക്കയേയും ബാധിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു ഇതുവരെയുള്ള ചികിൽസ. പഞ്ചായത്തും ഇതിനിടെ സഹായനിധി രൂപീകരിച്ച് രണ്ടരലക്ഷം രൂപ കൈമാറി.

25 ലക്ഷം രൂപ ചികിൽസയ്‌ക്ക് ചിലവായിട്ടും അഞ്‌ജനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല. ഉള്ള ഭൂമി കൂടി വിറ്റ് മകളുടെ ചികിൽസ നടത്താൻ അച്ഛൻ ചന്ദ്രനും അമ്മ ശോഭനയും തീരുമാനിച്ചിരിക്കേയാണ് അഞ്‌ജന മരണത്തിന് കീഴടങ്ങിയത്. അതിനിടെ, വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധയ്‌ക്ക് കാരണം വാട്ടർ അതോറിറ്റി പമ്പ് ചെയ്‌ത കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണെന്ന് ആരോഗ്യവകുപ്പും അല്ലെന്ന് വാട്ടർ അതോറിറ്റിയും നിലപാടെടുത്തിരുന്നു.

Most Read| പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE