മലപ്പുറം: പകർച്ചവ്യാധികളിൽ നിന്ന് വിട്ടൊഴിയാതെ മലപ്പുറം ജില്ല. കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായാണ് റിപ്പോർട്. മേഖലയിൽ നൂറോളം പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കുറ്റിപ്പുറം പഞ്ചായത്തിലെ 1,2,21,22 എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നടുവട്ടം മേഖലയിലെ ആളുകളിലാണ് രോഗം കൂടുതൽ കണ്ടെത്തിയത്. ലക്ഷണങ്ങൾ കണ്ട ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് സംശയം. രോഗം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി.
മലിനമായ കുടിവെള്ള ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും മേഖലയിൽ കണ്ടെത്തിയത്. മഞ്ഞപ്പിത്തം പടരാതിരിക്കാൻ വ്യക്‌തി ശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാൻ ആളുകൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി