ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഭൂമിയും പൊതുനൻമ ചൂണ്ടിക്കാട്ടി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സ്‌ഥലം പൊതുനൻമയ്‌ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ അനുവദിക്കുന്ന 1978ലെ കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
സ്വകാര്യ വ്യക്‌തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. അതേസമയം, ചില സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ചീഫ് ജസ്‌റ്റിസ് അടക്കം എട്ട് ജഡ്‌ജിമാരുടെ നിരീക്ഷണത്തിന് വിപരീതമായ വിധിയാണ് ജസ്‌റ്റിസ് ബിവി നാഗരത്‌ന പ്രസ്‌താവിച്ചത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിനും നഗരത്നയ്‌ക്കും പുറമെ ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെബി പർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്‌റ്റിൻ ജോർജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.
വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്‌തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിധി. എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ