തിരുവനന്തപുരം: മൽസ്യ തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് തീരദേശ നിവാസികളുടെ തുറമുടക്കി സമരം. അഞ്ചുതെങ്ങിൽ റോഡുപരോധിച്ച മൽസ്യ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.
ഇന്ന് മൽസ്യ ബന്ധനവും വിപണനവും നിർത്തി വെച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജാഥയായി മൽസ്യ തൊഴിലാളികൾ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി. ആക്ഷൻ കൗൺസിൽ കൺവീനർ ഫാദർ ലൂസിയാൻ തോമസ് സമരം ഉൽഘാടനം ചെയ്തു.
നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. ഇന്നലെ തീരദേശത്ത് മനുഷ്യച്ചങ്ങലയും മൽസ്യ തൊഴിലാളികൾ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് അവനവൻചേരിയിൽ മൽസ്യക്കച്ചവടം നടത്തുകയായിരുന്ന അൽഫോൺസയുടെ മൽസ്യം ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ, ഇതുവരെയും അവർക്കെതിരെ നടപടി എടുത്തിട്ടില്ല.
Read Also: ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ക്രൈം ബ്രാഞ്ചിന് മുന്നില് ഹാജരായി







































