പമ്പ: ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു. കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രമാണ് നിലവിലുള്ളത്. മകരവിളക്ക് തീർഥാടനം തുടങ്ങിയിട്ടേ ഉള്ളൂ. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഉണ്ടായിരുന്നു. മണ്ഡലകാലത്തെ അത്രയും തീർഥാടകർ മകരവിളക്കിനും എത്തുമെന്നാണ് കണക്കുകൂട്ടൽ.
പ്രതീക്ഷിച്ച അത്രയും കരുതൽ ശേഖരം ഉണ്ടാക്കാൻ കഴിയാത്തതിനാൽ അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർഥാടകന് പരമാവധി 20 കുപ്പി അരവണ മാത്രം നൽകിയാൽ മതിയെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇപ്പോൾ പ്രതിദിനം 2.80 ലക്ഷം ടിൻ അരവണയാണ് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്.
മണ്ഡലകാലത്തെ ആകെ വരുമാനം 332.72 കോടി രൂപയാണ്. ഇതിന്റെ പ്രധാന ഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. 142 കോടിയാണ് അരവണ നൽകിയതിലൂടെ ലഭിച്ചത്. ഒരു ടിൻ അരവണയുടെ വില 100 രൂപയാണ്. അപ്പം വിൽപ്പനയിലൂടെ 12 കോടിയും ലഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർ ആവശ്യമായ അരവണ ലഭിക്കാതെ പോകില്ല. അതിനാൽ സംഘത്തിലെ എല്ലാവരും അരവണ വാങ്ങാൻ ക്യൂ നിൽക്കുന്നു. ഇതുകാരണം കൗണ്ടറിന് മുൻപിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!








































