ന്യൂഡെൽഹി: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം.
തുടർന്ന് എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.
കഴിഞ്ഞ 5 വർഷമായി സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇദ്ദേഹം 2024 ജനുവരിയിൽ മകളുടെ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു അവസാനമായി പങ്കെടുത്തത്.
1991–96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ മൻമോഹൻ സിംഗ് പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇദ്ദേഹം അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്‌ക്കാണ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. രാജ്യസഭാംഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
നിലവിൽ പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാൾ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് മൻമോഹന്റെ ജനനം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മൻമോഹൻ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറി.

1948ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇന്റർമീഡിയറ്റും ധനതത്വശാസ്‌ത്രത്തിൽ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ മൻമോഹൻ, ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്ന് 1957ൽ സാമ്പത്തിക ശാസ്‌ത്രത്തിൽ ഒന്നാം ക്ളാസോടെ ബിരുദം നേടി. പിന്നീട് 1962ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ നഫ്‌ഫീൽഡ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ഡി.ഫിൽ ഓണേഴ്‌സ് നേടി.
പിന്നീട്, പഞ്ചാബ്, ഡെൽഹി സർവകലാശാലകളിൽ അധ്യാപകനായി ജോലി ചെയ്‌തു. 3 വർഷം യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ (UNCTAD) സാമ്പത്തിക വിദഗ്‌ധനായി സേവനമനുഷ്‌ഠിച്ചു. 1972ൽ ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായ അദ്ദേഹം, 1976ൽ ധനമന്ത്രാലയം സെക്രട്ടറിയായി. 1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.
1991ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്. മൻമോഹന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികൾ തകർച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്‌ഥക്ക് താങ്ങായി.

പ്രധാനമന്ത്രി ആകുന്നതിനു മുൻപുതന്നെ, 1987ൽ രാജ്യം അദ്ദേഹത്തെ പത്‌മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പിതാവ് ഗുർമുഖ് സിങ്, മാതാവ് അമൃത് കൗർ. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.
MOST READ | ആകാശദീപങ്ങളെ സാക്ഷിയാക്കി എംടിക്ക് സ്‌മൃതിപഥത്തിൽ പൂർണ്ണവിരാമം






































