ബ്യൂണസ് ഐറിസ് : രാജ്യത്ത് കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ തീരുമാനവുമായി അര്‍ജന്റീന. രാജ്യത്തെ സമ്പന്നരായ ആളുകളില്‍ നിന്നും വെല്‍ത്ത് ടാക്സ് എന്ന പേരില്‍ പ്രത്യേക നികുതി ഈടാക്കി കോവിഡ് പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാനാണ് രാജ്യം ലക്ഷ്യം വെക്കുന്നത്. 26 വോട്ടുകള്‍ക്കെതിരെ 42 വോട്ടുകള്‍ക്കാണ് സെനറ്റ് ഈ നിയമം പാസാക്കിയത്. കോവിഡ് മൂലം രാജ്യം നേരിടുന്ന അധിക സാമ്പത്തിക തകര്‍ച്ച പരിഹരിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു.
പ്രത്യേക നികുതിയിലൂടെ പിരിക്കുന്ന തുക കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും, കോവിഡ് മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം നല്‍കാനുമാണ് തീരുമാനം. രാജ്യത്ത് ഏകദേശം 12,000 സമ്പന്നരായ ആളുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ നിന്നും ഏകദേശം 370 കോടി ഡോളര്‍ നികുതിയിനത്തില്‍ ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു തവണ മാത്രമായിരിക്കും ഇത്തരത്തില്‍ പ്രത്യേക നികുതി അടക്കേണ്ടി വരിക.
രാജ്യത്ത് 2.45 ദശലക്ഷം ഡോളറിനെക്കാള്‍ ആസ്തിയുള്ള സമ്പന്നരില്‍ നിന്നാണ് പ്രത്യേക നികുതി ഈടാക്കുക. അവരുടെ സമ്പത്തിന്റെ രണ്ട് ശതമാനം ആയിരിക്കും ഇത്തരത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടി വരുന്നത്. ലോക മഹായുദ്ധങ്ങള്‍ അതിജീവിച്ചത് പോലെ കോവിഡെന്ന മഹാമാരിയെയും രാജ്യം അതിജീവിക്കുമെന്നും, അതിന് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം സഹായകരമാകുമെന്നും പ്രസിഡണ്ട് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് വ്യക്തമാക്കി. അര്‍ജന്റീനയില്‍ ഏകദേശം 1.45 ദശലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം തന്നെ 39,000 ഓളം കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read also : പ്രണയകുടീരത്തെ കൂട്ടിയിണക്കി മെട്രോ എത്തുന്നു; നിർമാണം പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും






































