കോഴിക്കോട്: ആരാധകരുടെ പ്രതീക്ഷകൾ മങ്ങി. മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് സ്ഥിരീകരിച്ചു. മൽസരത്തിന്റെ സ്പോൺസർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.
ഫിഫാ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചയ്ക്ക് ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് പറയുന്നത്. നവംബർ 17ന് കൊച്ചിയിൽ അർജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോൺസർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
നേരത്തെ ലുവാണ്ടയിൽ അംഗോളയ്ക്കെതിരായ അർജന്റീനയുടെ മൽസരത്തിന്റെ കാര്യത്തിൽ സ്ഥിരീകരണം വന്നിരുന്നു. ഇതോടെ, ഇന്ത്യൻ പര്യടനം നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ, റിപ്പോർട്ടുകളെല്ലാം സ്പോൺസർ നിഷേധിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ കേരളത്തെ പഴിക്കുകയാണ് എഎഫ്ഐ ഭാരവാഹികൾ.
കേരളം മൽസരത്തിന് സജ്ജം അല്ലെന്ന് എഎഫ്ഐ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടുണ്ട്. അർജന്റീന ടീമിന്റെ കേരള സന്ദർശന വിഷയത്തിൽ തുടക്കം മുതൽ വിവാദമായിരുന്നു. കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തത്.
ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരാണെന്ന ആരോപണവുമായി അസോസിയേഷൻ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ രംഗത്തെത്തിയിരുന്നു. പിന്നാലെ വിഷയം ഏറെ ചർച്ചയായി. ഒടുവിൽ മെസ്സി വരുമെന്ന അറിയിപ്പുണ്ടായി. ഇപ്പോൾ ഇല്ലെന്നും. 2011ലാണ് അർജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് അർജന്റീന നേരിട്ടത്.
Most Read| കുനാർ നദിയിൽ ഡാം നിർമിക്കും; ഉത്തരവിട്ട് താലിബാൻ, പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടും






































